കോട്ടയം മീറ്റിൽ ജൂണിയർ 100 മീറ്ററിൽ ഞാൻ കുറിച്ച റിക്കാർഡ്, 37 വർഷത്തിനുശേഷം അതുലിലൂടെ തിരുത്തപ്പെടുന്നതു കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം. വർഷങ്ങളായി ഓരോ മീറ്റിലും എന്റെ റിക്കാർഡ് തകർക്കപ്പെടുന്നതു കാണാൻ എത്താറുണ്ടായിരുന്നു.
37 വർഷം റിക്കാർഡ് നിലനിന്നു എന്നത് അദ്ഭുതകരമാണ്. 1988ൽ കോട്ടയത്തുവച്ചായിരുന്നു 10.90 സെക്കൻഡ് എന്ന സമയം ഞാൻ കുറിച്ചത്. മൈലം ജിവി രാജാ സ്കൂളിനുവേണ്ടിയായിരുന്നു ഇറങ്ങിയതെന്നതും ചരിത്രം.
പ്രചോദനത്തിനായി സമ്മാനം
വർഷങ്ങളായി തകർക്കപ്പെടാത്ത റിക്കാർഡ് തകർക്കുന്ന കുട്ടിക്ക് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ചത് മത്സരാർഥികൾക്കു പ്രചോദനമാകട്ടെ എന്ന ചിന്തയോടെയായിരുന്നു. അതു ഫലം കണ്ടു.
ആലപ്പുഴയിലുള്ള ഗവ. ഡിവിഎച്ച്എസ്എസ് ചാരമംഗലത്തിന്റെ എം.ടി. അതുൽ എന്റെ പേരിലെ റിക്കാർഡ് 10.81 ആക്കി തിരുത്തിയത് ഏറെ സന്തോഷം നൽകുന്നു. ഹീറ്റ്സിൽ 10.79 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾത്തന്നെ റിക്കാർഡിന് ഈ മീറ്റിനപ്പുറം ആയുസില്ലെന്ന് ഉറപ്പായി, അതു സംഭവിച്ചു... കൂടുതൽ നേട്ടങ്ങൾ അതുൽ സ്വന്തമാക്കട്ടെ...
(റെയിൽവേയിൽ ചീഫ് ടിക്കറ്റ് എക്സാമിനറാണ് പി. രാംകുമാർ)